ശ്രീ പത്മനാഭദാസ വഞ്ചിപാല സര്‍ രാമവര്‍മ്മ കുലശേഖര കിരീടപതി മന്നെ സുല്‍ത്താന്‍ മഹാരാജരാജ രാമരാജ ബഹദൂര്‍ ഷംഷേര്‍ജംഗ് നൈറ്റ് ഗ്രാന്‍റ്കമാന്‍ഡര്‍ ആഫ് ദി മോസ്റ്റ് എമിനെന്‍റ് ആര്‍ഡര്‍ ആഫ് ദി ഇന്ത്യന്‍ എമ്പയര്‍, തിരുവിതാംകൂര്‍ മഹാരാജാവ് തിരുമനസ്സു കൊണ്ടു 1936 നവംബര്‍ 12 നുക്ക് ശരിയായ 1112 തുലാം 27 നു പ്രസിദ്ധപ്പെടുത്തുന്നു.
വിളംബരം
നമ്മുടെ മതത്തിന്‍റെ പരമാര്‍ത്ഥതയും സുപ്രമാണതയും ഗാഡമായി ബോത്ധ്യപ്പെട്ടും, ആയതു ദൈവീകമായ അനുശാസനത്തിലും സര്‍വ്വ വ്യാപകമായ സഹിഷ്ണുതയിലുമാണ് അടിയുറച്ചിരിക്കുന്നതെന്നു വിശ്വസിച്ചും അതിന്‍റെ പ്രവര്‍ത്തനത്തില്‍ അത് ശതവര്‍ഷങ്ങളായി കാലപരിവര്‍ത്തനത്തിന് അനുയോജിച്ചുപോന്നുവെന്നും ധരിച്ചും, നമ്മുടെ ഹിന്ദു പ്രജകളില്‍ ആര്‍ക്കും തന്നെ അവരുടെ ജനനമോ, ജാതിയോ, സമുദായമോ കാരണം ഹിന്ദുമത വിശ്വാസത്തിന്‍റെ ശാന്തിയും സാന്ത്വനവും നിഷേധിക്കപ്പെടാന്‍ പാടില്ലന്നുള്ള ഉല്‍ക്കണ്ഠയാലും, നാം തീരുമാനിക്കുകയും ഇതിനാല്‍ പ്രഖ്യാപനം ചെയ്യുകയും, നിയോഗിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്നതെന്തെന്നാല്‍ സമുചിതമായ പരിതസ്ഥിതികള്‍ പരിരക്ഷിക്കുന്നതിനും, ക്രിയാപദ്ധതികളും ആചാരങ്ങളും വെച്ചുനടത്തുന്നതിനും നാം നിശ്ചയിക്കുകയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങള്‍ക്കും, നിബന്ധനകള്‍ക്കും വിധേയമായി, ജനനാലോ മതവിശ്വാസത്താലോ, ഹിന്ദുവായ യാതൊരാള്‍ക്കും നമ്മുടെയും നമ്മുടെ ഗവണ്‍മെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ഭജിക്കുന്നതിനോ ഇനിമേല്‍ യാതൊരു നിരോധനവും ഉണ്ടായിരിക്കാന്‍ പാടില്ലന്നാകുന്നു.